Tuesday, 20 August 2024

അനുദിന ജീവിതത്തിൽ ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ സാക്ഷി


1 കൊരിന്ത്യർ 6:12 ൽ ആളുകൾക്ക് ജീവിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത നിലകളെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുന്നു.

“എല്ലാ കാര്യങ്ങളും അനുവദനീയമാണ്, എന്നാൽ സകലവും പ്രയോജനമുള്ളതല്ല”. അനുവദനീയമല്ലാത്ത (അല്ലെങ്കിൽ അനീതിയുള്ള) തലത്തിലാണ് മിക്ക അവിശ്വാസികളും ജീവിക്കുന്നത്. ഒരു വിശ്വാസിയും ഒരിക്കലും ഈ നിരപ്പിലേക്ക് ഇറങ്ങരുത് – എന്നാൽ നിർഭാഗ്യവശാൽ ചിലർ അങ്ങനെ ചെയ്യുന്നു. അവിടെത്തന്നെ ജീവിക്കുന്നത് അവർ തുടർന്നാൽ, അവർക്ക് തങ്ങളുടെ രക്ഷ നഷ്ടമാകും. ഒരു വിശ്വാസിക്ക് ആയിരിക്കാവുന്ന ഏറ്റവും താണ നില അടുത്ത തലം ആണ് – നിയമപരമായത് ( അല്ലെങ്കിൽ നീതിയുള്ളത്). എന്നാൽ കുറച്ചു കൂടി ഉന്നതമായ നിലയുണ്ട് – പ്രയോജനകരമായത് (ഗുണകരമായത്) ‘നൂറ് കാര്യങ്ങളിൽ എഴുപത് കാര്യങ്ങൾ നിയമപരമല്ലാത്തത് ആയിരിക്കാം. അതു കൊണ്ട് അവയിൽ ഒന്നു പോലും നാം ചെയ്യരുത്. എന്നാൽ ശേഷിക്കുന്ന അനുവദനീയമായ (നിയമപരമായ) മുപ്പത് കാര്യങ്ങളിൽ ഏതു വേണമെങ്കിലും നമുക്ക് ചെയ്യാം. എന്നാൽ ആ മുപ്പത് കാര്യങ്ങളിൽ 10 എണ്ണം മാത്രമേ സത്യത്തിൽ ആത്മീയ പ്രയോജനമുള്ളത് ആയിരിക്കുകയുള്ളൂ. പൂർണ്ണ ഹൃദയനായ ഒരു ക്രിസ്ത്യാനി ആ പത്ത് കാര്യങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ. എന്നാൽ അർദ്ധ മനസ്കനായ ഒരു ക്രിസ്ത്യാനി അനുവദനീയമായ മുപ്പത് കാര്യങ്ങളിൽ ഏതെങ്കിലുമെ തിരഞ്ഞെടുക്കുകയുള്ളൂ. നിങ്ങൾക്ക് പൂർണ്ണ മനസ്കനായ ദൈവത്തിന്റെ ഫലപ്രദമായ ഒരു വേലക്കാരൻ ആകണമെങ്കിൽ, അപ്പോൾ നിങ്ങൾ അനുവദനീയമായ കാര്യങ്ങളിൽ നിന്ന് പ്രയോജനമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.
സമയത്തിന്റെ ഉദാഹരണം പരിഗണിക്കാം. നമുക്ക് ഒരു ദിവസം 24 മണിക്കൂർ ഉണ്ട്. അതിന്റെ ഒരു ഭാഗം നിങ്ങൾ അശ്ലീല സിനിമകൾ കാണുന്നതിനും, അശ്ലീല പുസ്തകങ്ങൾ വായിക്കുന്നതിനും ചെലവഴിച്ചാൽ, അത് നിയമപരമല്ലാത്ത (അനുവദനീയമല്ലാത്ത) വിധത്തിൽ നിങ്ങളുടെ സമയം ചെലവഴിക്കുകയായിരിക്കും. മറിച്ച് നിങ്ങളുടെ ദിവസം ചെലവഴിക്കുവാൻ അനേകം അനുവദനീയമായ മാർഗ്ഗങ്ങളുണ്ട്. അവയിൽ ചിലത് ആവശ്യമുള്ളവയാണ്, നാം അവ ചെയ്യുകയും വേണം. എന്നാൽ നിങ്ങൾക്ക് അനേകം മണിക്കൂറുകൾ വർത്തമാനപ്പത്രം വായിച്ച് ചെലവഴിക്കാൻ കഴിയും – അവ നിയമപരമാണെങ്കിലും ആ ദിവസം ചെലവഴിക്കുവാൻ ഏറ്റവും പ്രയോജനകരമായ മാർഗ്ഗമല്ല.

നിങ്ങൾക്ക് പ്രയോജനപ്രദമായ ഒരു ദൈവദാസനാകണമെങ്കിൽ, നിങ്ങൾ ശിക്ഷണം ചെയ്യപ്പെട്ട് നിങ്ങളുടെ ദിനചര്യയിൽ നിന്ന് ആവശ്യമില്ലാത്ത ഇനങ്ങളിൽ ചിലത് വെട്ടിക്കുറച്ച് ദൈവിക കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. ഇന്റർനെറ്റിൽ , ആദിയോടന്തം അന്വേഷിക്കുകയോ (വൃത്തിയുള്ള വെബ് സൈറ്റുകളിൽ), ക്രിസ്തീയ ടെലിവിഷൻ പരിപാടികളാണെങ്കിൽ പോലും കാണുകയോ ചെയ്ത് അനേകം മണിക്കൂറുകൾ ചെലവാക്കുന്നത് തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയും. അതിന് ശേഷം വേദപുസ്തകം പഠിക്കുവാൻ നിങ്ങൾക്ക് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ അതിനു പകരം, അൽപനേരം ഇന്റർനെറ്റിൽ അന്വേഷിച്ചിട്ട് (ലോക വാർത്തകൾ മുതലായവയ്ക്കു വേണ്ടി) ബൈബിൾ പഠിക്കുവാൻ കൂടുതൽ സമയം കണ്ടെത്തുവാൻ നിങ്ങൾക്ക് കഴിയും. രണ്ട് മണിക്കൂർ ഒരു വെടിപ്പുള്ള ടെലിവിഷൻ പരിപാടി കാണാൻ ചെലവാക്കുന്നതോ അല്ലെങ്കിൽ വൃത്തിയുള്ള ഒരു ഇന്റർനെറ്റ്സൈറ്റിൽ കയറുന്നതോ വഴി നിങ്ങൾ പാപം ചെയ്യുകയല്ല, എന്നാൽ ദൈവവചനം പഠിക്കുവാനോ ആവശ്യത്തിലിരിക്കുന്ന വരെ സഹായിക്കുന്നതിനോ ഗുണകരമായി ചെലവഴിക്കാമായിരുന്ന സമയം നിങ്ങൾ പാഴാക്കിക്കളയുകയാണ്.

അതുപോലെ തന്നെ പണം ചെലവാക്കുന്ന കാര്യത്തിലും അനുവദനീയമല്ലാത്ത മാർഗ്ഗങ്ങളും അനുവദനീയമായ മാർഗ്ഗങ്ങളും പ്രയോജനകരമായ മാർഗ്ഗങ്ങളും ഉണ്ട്. പൂർണ്ണ മനസ്കനായ ഒരു ക്രിസ്ത്യാനി അവന്റെ സമയവും പണവും പ്രയോജനകരമായ വിധത്തിൽ മാത്രമേ ചെലവഴിക്കുകയുള്ളൂ. ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ നാം പഠിക്കണം.

Friday, 10 December 2021

എന്തിന് പ്രാർത്ഥിക്കണം ?

ഒരു ക്രിസ്തു വിശ്വാസിക്ക്‌ പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്‌. പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനേക്കാള്‍ പ്രാര്‍ത്ഥിക്കുന്നതാണ്‌ അവന്‌ എളുപ്പം. നിരവധി കാര്യങ്ങൾക്കായി നാം പ്രാര്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത്‌ ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ്‌ (ലൂക്കോ.2:36, 38) പ്രാർത്ഥന അവനെ അനുസരിക്കലാണ്. നാം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രധാന കാരണം പ്രാര്‍ത്ഥിക്കുവാന്‍ ദൈവം നമ്മോട്‌ കല്‍പിച്ചിട്ടുണ്ട്‌ എന്നതിനാലാണ്‌ (ഫിലി.4:6-7). കര്‍ത്താവിന്റെ ജീവിതത്തിലും ആദ്യസഭയുടെ ചരിത്രത്തിലും പ്രാര്‍ത്ഥനയ്ക്കുണ്ടായിരുന്ന പങ്കിനെ നാം ജീവിതത്തില്‍ പ്രായോഗികം ആക്കേണ്ടതാണ്‌ (മര്‍കോ.1:35; അപ്പൊ.1:14; 2:42; 3:1; 4:23-31; 6:4; 13:1-3). പ്രാര്‍ത്ഥനാ ജീവിതം കര്‍ത്താവിനു പ്രധാനമായിരുന്നെങ്കില്‍ നമുക്കും ജീവിതത്തില്‍ അത്‌ പ്രധാനമാക്കാം. തന്റെ പിതാവുമായുള്ള കൂട്ടായ്മക്ക്‌ യേശുകര്‍ത്താവിനു പ്രാര്‍തഥെന ആവശ്യമായിരുന്നെങ്കില്‍, നമുക്ക്‌ എത്ര അധികം ആവശ്യമാണ്‌?


നമ്മുടെ ജീവിതത്തിലെ പല പ്രായോഗിക പ്രശ്നങ്ങള്‍ക്കും ദൈവത്തിന്റെ ഉത്തരം നമുക്കു ലഭ്യമാകുന്നത്‌ പ്രാര്‍ത്ഥനയില്‍ കൂടെയാണ്‌. നമ്മുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ്‌ നാം പ്രാര്‍ത്ഥിക്കേണ്ടതാണ്‌ (ലൂക്കോ.6:6"12-13); പൈശാചികന്റെ എതിര്‍പ്പുകളെ തരണം ചെയ്യുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടതാണ്‌ (മത്താ.17: 14-21); കൊയ്തിന്‌ ആളുകളെ അയക്കുവാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടതാണ്‌(ലൂക്കോ.10:2); പരീക്ഷകളെ ജയിക്കുവാന്‍ ബലത്തിനായി നാം പ്രാര്‍ത്ഥിക്കേണ്ടതാണ്‌ (മത്താ.26:41); നമ്മുടേയും മറ്റുള്ളവരുടേയും ആത്മീയ വര്‍ദ്ധനക്കായി നാം പ്രാര്‍ത്ഥിക്കേണ്ടതാണ്‌ (എഫെ.6:18-19).


നാം ദൈവസന്നിധിയില്‍ നമ്മുടെ ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ പ്രര്‍ത്ഥനകള്‍ക്ക്‌ നാം ഉദ്ദേശിച്ച ഉത്തരം ലഭിച്ചു എന്ന്‌ വരില്ലെങ്കിലും നമ്മുടെ പ്രാര്‍ത്ഥന ഒരിക്കലും വ്യര്‍ത്ഥമല്ല എന്ന്‌ കര്‍ത്താവ്‌ പഠിപ്പിച്ചിട്ടുണ്ട്‌ (മത്താ.6:6). തന്റെ ഹിതമനുസരിച്ച്‌ നാം കേള്‍ക്കുന്ന ഏതു കാര്യത്തിനും ഉത്തരം അരുളാം എന്ന്‌ താന്‍ വാക്കു പറഞ്ഞിട്ടുണ്ട്‌ (1യോഹ.5:14-15). ചിലപ്പോള്‍ തന്റെ ജ്ഞാനത്തില്‍ നമ്മുടെ നന്‍മക്കായി പ്രാര്‍ത്ഥനകള്‍ക്ക്‌ ഉത്തരം വൈകി ലഭിച്ചു എന്നും വരാവുന്നതാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ നാം പ്രാര്‍ത്ഥനയില്‍ ജാഗരിച്ചുകൊണ്ടിരിക്കേണ്ടതാണ്‌ (മത്താ.7:7; ലൂക്കോ.18:1-8). പ്രാര്‍ത്ഥന നമ്മുടെ ഇംഗിതങ്ങള്‍ സാധിക്കുന്നതിനുവേണ്ടി അല്ല, മറിച്ച്‌ ദൈവഹിതം നമ്മുടെ ജീവിതത്തിലും ഈ ഭൂമിയിലും നിറവേറേണ്ടതിനത്രേ ഉപയോഗിക്കേണ്ടത്‌. ദൈവത്തിന്റെ ജ്ഞാനം അപ്രമേയമാണല്ലോ.


ചില സാഹചര്യങ്ങളില്‍ ദൈവഹിതം എന്താണെന്ന്‌ നമുക്ക്‌ വ്യക്തമായി അറിഞ്ഞു എന്ന്‌ വരികയില്ല. ദൈവഹിതം ആരായുന്നതിനുള്ള വഴിയാണ്‌ പ്രര്‍ത്ഥന. കനാന്യസ്ത്രീ തന്റെ മകളുടെ ജീവിതത്തില്‍ നിന്ന്‌ പൈശാചിക ശക്തികള്‍ ഒഴിയുവാന്‍ പ്രാര്‍ത്ഥിച്ചില്ലായിരുന്നു എങ്കില്‍ അവള്‍ ഒരിക്കലും സുഖം പ്രാപിക്കയില്ലായിരുന്നു (മര്‍ക്കോ.7:26-30). യെരിഹോവിന്റെ വെളിയില്‍ ആയിരുന്ന കുരുടന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കുരുടനായി തന്നെ തുടരുമായിരുന്നു (ലൂക്കോ.18:35-43). പലതും നമുക്ക്‌ ലഭിക്കാത്തതിന്റെ കാരണം നാം ചോദിക്കാത്തതിനാലാണ്‌ എന്ന്‌ വചനം പറയുന്നു (യാക്കോ.4:2). ഒരു രീതിയില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കുന്നത്‌ സുവിശേഷം അറിയിക്കുന്നതിനോടു തുല്യമാണ്‌. നാം സുവിശേഷം അറിയിക്കാതിരുന്നാല്‍ ആരൊക്കെ അതിന്‌ വിധേയപ്പെടുമായിരുന്നു എന്ന്‌ നമുക്ക്‌ അറിയുവാന്‍ കഴിയുമായിരുന്നുല്ലല്ലൊ. അതുപോലെ പ്രാര്‍തഥികക്കാതിരുന്നാല്‍ പ്രാര്‍ത്ഥന കൊണ്ട്‌ നാം സാധിക്കണം എന്ന്‌ ദൈവം ഉദ്ദേശിച്ച കാര്യങ്ങള്‍ സംഭവിക്കുകയില്ല.


പ്രാര്‍ത്ഥനക്കുറവ്‌ നമ്മുടെ വിശ്വാസക്കുറവിനെ കാണിക്കുന്നു. ദൈവവചനത്തിലുള്ള നമ്മുടെ ആശ്രയക്കുറവിനെ പ്രാര്‍ത്ഥന ഇല്ലായ്മ കാണിക്കുന്നു. നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും അധികമായി ചെയ്യുവാന്‍ കഴിവുള്ള ദൈവത്തില്‍ നാം വെച്ചിരിക്കുന്ന ആശ്രയത്തെയാണ്‌ നമ്മുടെ പ്രാര്‍ത്ഥന വെളിപ്പെടുത്തുന്നത്‌.( എഫേ3:20) മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്നത് കാണുവാനുള്ള ഒരു ഉപാധികൂടിയാണ് പ്രാർത്ഥന. പ്രാര്‍ത്ഥനയാല്‍ സാധിക്കുന്ന പ്രധാന കാര്യം ദൈവീകശക്തി നമ്മില്‍കൂടെ വ്യാപരിക്കുവാന്‍ നാം അനുവദിക്കുന്നു എന്നതാണ്‌. അതുമൂലം നമ്മേക്കാള്‍ ശക്തികൂടുതല്‍ ഉള്ള പൈശാചിക ശക്തികളെ ജയിക്കുവാന്‍ നമുക്ക്‌ ബലം ലഭിക്കുന്നു. അതുകൊണ്ട്‌ തക്ക സമയത്ത്‌ നമുക്ക്‌ കൃപ ലഭിക്കേണ്ടതിന്‌ കൃപാസനത്തിന്റെ അടുക്കലേക്ക്‌ ചെല്ലാം കാരണം നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയുന്ന ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. (എബ്രാ.4:15-16). നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥനക്ക്‌ വലിയ ശക്തി ഉണ്ട്‌ എന്ന്‌ ബൈബിള്‍ പറയുന്നു (യാക്കോ.5:16). നാം എപ്പോഴും പ്രാര്‍ത്ഥനയില്‍ ജാഗരിക്കുന്നവരായി നമ്മില്‍കൂടി അവന്റെ നാമം മഹത്വപ്പെടേണ്ടതിന്‌ ആവശ്യമായ കൃപ അവന്‍ നമുക്ക്‌ തരുമാറാകട്ടെ!


ആമ്മേൻ

Wednesday, 8 December 2021

ആരാണ് സാന്താക്ലോസ്‌?



നൂറ്റാണ്ടുകൾക്കു മുൻപ് തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണ് സെന്‍റ് നിക്കോളാസിന്‍റെ ജനനം. പത്തൊൻപതാം വയസ്സിൽ അദ്ദേഹം വൈദികനാവുകയും ഈജിപ്ത് ,പാലസ്തീൻ, തുടങ്ങിയ രാജ്യങ്ങൾ സന്ദര്‍ശിച്ച ശേഷം തിരിച്ചു വന്ന് പത്താറക്കടുത്ത് മീറയിലെ ബിഷപ്പായി സ്ഥാനമേറ്റു. എന്നാൽ റോമാ ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികൾക്ക നേരെ അക്രമങ്ങൾ അഴിച്ച് വിട്ട സമയമായിരുന്നു അത്. അക്രമത്തിനിരയായവരെ രക്ഷിക്കുന്നതിലായിരുന്നു നിക്കോളാസിന്‍റെ ശ്രദ്ധ. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് കാരാഗൃഹ വാസം അനുഭവിക്കേണ്ടി വന്നു. എന്നാൽ കാരാഗൃഹ മോചനം ലഭിച്ച ശേഷവും നിക്കോളാസ് തന്‍റെ സേവന പ്രവര്‍ത്തനങ്ങൾ തുടര്‍ന്നു. താൻ ആരാണെന്നറിയിക്കാതെ സമ്മാനങ്ങളും സഹായങ്ങളും എത്തിക്കാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതം മാറ്റി വെച്ച സെന്‍റ് നിക്കോളാസാണ് കൈ നിറയെ സമ്മാനങ്ങളുമായെത്തുന്ന പ്രിയപ്പെട്ട സാന്താക്ലോസായി മാറിയത്.



പഴയകാല ചിത്രങ്ങളിൽ ബിഷപ്പിന്‍റെ വസ്ത്രം ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് കാണുന്നത്. എന്നാൽ ചുവന്ന കോട്ടും വെളുത്ത കോളറും, ചുവന്ന ട്രൗസറും, കറുത്ത തുകൽ ബെൽറ്റും ബൂട്ടും ധരിച്ച് വെള്ള താടിയും മുടിയും മീശയുമുള്ള തടിച്ച രൂപമാണ് ആധുനിക സാന്താക്ലോസിന്. രൂപം നൽകിയതാകട്ടെ പൊളിറ്റിക്കൽ കാര്‍ട്ടൂണുകളുടെ പിതാവെന്ന് അറിയപ്പെടുന്ന തോമസ് നാസ്റ്റാണ്. അമേരിക്കയിൽ ആഭ്യന്തര കലാപം നടക്കുന്ന സമയത്താണ് തോമസ് നാസ്റ്റ് സാന്തക്ക് ആധുനിക രൂപം നൽകിയത്.



Monday, 6 December 2021

‘‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിപ്പിൻ’’

സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ ദുഃസ്ഥിതിക്കു പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു. ലോകത്തെപ്പറ്റിയുള്ള അവിടുത്തെ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രത്യക്ഷീകരണമാണ് മനുഷ്യാവതാരം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് അതു നൽകുന്നത്. ‘‘ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കണമെന്നു വിചാരിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസ്യരൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് കുരിശുമരണം വരെ സ്വയം താഴ്ത്തി.’’ ഈ പരിത്യാഗത്തിനു പിന്നിൽ മനുഷ്യരോടുള്ള സ്നേഹമല്ലാതെ മറ്റൊന്നുമല്ല.


ബത്‌ലഹമിലെ പുൽത്തൊട്ടിയുടെ മുന്നിൽ നിൽക്കുമ്പോൾ ശീലകളാൽ പൊതിയപ്പെട്ട ആ ശിശുവിനെ മാതൃകരങ്ങളിൽ നാം ദർശിക്കുന്നു. ആ ശിശുവിനെ ദർശിക്കുമ്പോൾ ‘അവതാരം ചെയ്ത സ്നേഹത്തെ ഞാൻ കാണുന്നു’ എന്ന് ഒരു ഭക്തകവി നിർവചിച്ചു. ദൈവസ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അനാവരണം ചെയ്യുന്നതായിരുന്നു യേശുവിന്റെ  ജീവിതത്തിലെ ഓരോ സംഭവവും. 

അവിടുന്നു പ്രസംഗിച്ചും രോഗികളെ സുഖപ്പെടുത്തിയും ഗലീലിയിൽ സഞ്ചരിച്ചപ്പോൾ പ്രവർത്തിക്കുന്ന സ്നേഹം; ഗത്‌സമേനിൽ എത്തുമ്പോൾ വേദനപ്പെടുന്ന സ്നേഹത്തെയും കാൽവരിയിൽ എത്തുമ്പോൾ രക്തം വാർന്നു മരണം വരിക്കുന്ന സ്നേഹത്തെയുമാണു കാണുന്നത്. ‘‘സ്നേഹിതർക്കു വേണ്ടി ജീവനെ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല’’ എന്നു പ്രസ്താവിക്കുക മാത്രമല്ല, സ്വജീവിതത്തിൽ അതു തെളിയിക്കുകയും ചെയ്തു.

ക്രിസ്മസിൽ നാം ത്യാഗപൂർണമായ ദൈവസ്നേഹത്തെയാണല്ലോ കാണുന്നത്. ആ സ്നേഹമൂർത്തിയുടെ സന്ദേശം, ‘‘നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ’’. സ്നേഹത്തിനു തടസ്സമായി നിൽക്കുന്നതു സ്വാർഥതയും അധികാര പ്രമത്തതയും വിദ്വേഷവുമാണ്. ക്രിസ്മസ് ആഘോഷിക്കുമ്പോൾ സ്വയം ചോദിക്കേണ്ട ഒന്ന്, ദൈവത്തിന്റെ സ്നേഹം തന്റെ ഇടത്തിൽ നിന്നു തന്നെ ഇറക്കിക്കൊണ്ടു വന്നു’’ എന്നു പ്രാർഥനയിൽ ചൊല്ലുന്ന ആ വാക്കുകളുടെ പ്രസക്തി ഓർക്കേണ്ടതല്ലേ?. സ്നേഹത്തിന്റെ കുളിർജലം കൊണ്ട് നിറയേണ്ട നമ്മുടെ ഹൃദയങ്ങൾ വിദ്വേഷത്തിന്റെയും പകയുടെയും വികാരങ്ങൾക്കു വിട്ടുകൊടുത്തിരിക്കുകയല്ലേ?

അനുദിന ജീവിതത്തിൽ ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ സാക്ഷി

1 കൊരിന്ത്യർ 6:12 ൽ ആളുകൾക്ക് ജീവിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത നിലകളെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. “എല്ലാ കാര്യങ്ങള...