Friday, 10 December 2021
എന്തിന് പ്രാർത്ഥിക്കണം ?
നമ്മുടെ ജീവിതത്തിലെ പല പ്രായോഗിക പ്രശ്നങ്ങള്‍ക്കും ദൈവത്തിന്റെ ഉത്തരം നമുക്കു ലഭ്യമാകുന്നത് പ്രാര്‍ത്ഥനയില്‍ കൂടെയാണ്. നമ്മുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (ലൂക്കോ.6:6"12-13); പൈശാചികന്റെ എതിര്‍പ്പുകളെ തരണം ചെയ്യുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (മത്താ.17: 14-21); കൊയ്തിന് ആളുകളെ അയക്കുവാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടതാണ്(ലൂക്കോ.10:2); പരീക്ഷകളെ ജയിക്കുവാന്‍ ബലത്തിനായി നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (മത്താ.26:41); നമ്മുടേയും മറ്റുള്ളവരുടേയും ആത്മീയ വര്‍ദ്ധനക്കായി നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (എഫെ.6:18-19).
നാം ദൈവസന്നിധിയില്‍ നമ്മുടെ ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ പ്രര്‍ത്ഥനകള്‍ക്ക് നാം ഉദ്ദേശിച്ച ഉത്തരം ലഭിച്ചു എന്ന് വരില്ലെങ്കിലും നമ്മുടെ പ്രാര്‍ത്ഥന ഒരിക്കലും വ്യര്‍ത്ഥമല്ല എന്ന് കര്‍ത്താവ് പഠിപ്പിച്ചിട്ടുണ്ട് (മത്താ.6:6). തന്റെ ഹിതമനുസരിച്ച് നാം കേള്‍ക്കുന്ന ഏതു കാര്യത്തിനും ഉത്തരം അരുളാം എന്ന് താന്‍ വാക്കു പറഞ്ഞിട്ടുണ്ട് (1യോഹ.5:14-15). ചിലപ്പോള്‍ തന്റെ ജ്ഞാനത്തില്‍ നമ്മുടെ നന്‍മക്കായി പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം വൈകി ലഭിച്ചു എന്നും വരാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നാം പ്രാര്‍ത്ഥനയില്‍ ജാഗരിച്ചുകൊണ്ടിരിക്കേണ്ടതാണ് (മത്താ.7:7; ലൂക്കോ.18:1-8). പ്രാര്‍ത്ഥന നമ്മുടെ ഇംഗിതങ്ങള്‍ സാധിക്കുന്നതിനുവേണ്ടി അല്ല, മറിച്ച് ദൈവഹിതം നമ്മുടെ ജീവിതത്തിലും ഈ ഭൂമിയിലും നിറവേറേണ്ടതിനത്രേ ഉപയോഗിക്കേണ്ടത്. ദൈവത്തിന്റെ ജ്ഞാനം അപ്രമേയമാണല്ലോ.
ചില സാഹചര്യങ്ങളില്‍ ദൈവഹിതം എന്താണെന്ന് നമുക്ക് വ്യക്തമായി അറിഞ്ഞു എന്ന് വരികയില്ല. ദൈവഹിതം ആരായുന്നതിനുള്ള വഴിയാണ് പ്രര്‍ത്ഥന. കനാന്യസ്ത്രീ തന്റെ മകളുടെ ജീവിതത്തില്‍ നിന്ന് പൈശാചിക ശക്തികള്‍ ഒഴിയുവാന്‍ പ്രാര്‍ത്ഥിച്ചില്ലായിരുന്നു എങ്കില്‍ അവള്‍ ഒരിക്കലും സുഖം പ്രാപിക്കയില്ലായിരുന്നു (മര്‍ക്കോ.7:26-30). യെരിഹോവിന്റെ വെളിയില്‍ ആയിരുന്ന കുരുടന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കുരുടനായി തന്നെ തുടരുമായിരുന്നു (ലൂക്കോ.18:35-43). പലതും നമുക്ക് ലഭിക്കാത്തതിന്റെ കാരണം നാം ചോദിക്കാത്തതിനാലാണ് എന്ന് വചനം പറയുന്നു (യാക്കോ.4:2). ഒരു രീതിയില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കുന്നത് സുവിശേഷം അറിയിക്കുന്നതിനോടു തുല്യമാണ്. നാം സുവിശേഷം അറിയിക്കാതിരുന്നാല്‍ ആരൊക്കെ അതിന് വിധേയപ്പെടുമായിരുന്നു എന്ന് നമുക്ക് അറിയുവാന്‍ കഴിയുമായിരുന്നുല്ലല്ലൊ. അതുപോലെ പ്രാര്‍തഥികക്കാതിരുന്നാല്‍ പ്രാര്‍ത്ഥന കൊണ്ട് നാം സാധിക്കണം എന്ന് ദൈവം ഉദ്ദേശിച്ച കാര്യങ്ങള്‍ സംഭവിക്കുകയില്ല.
പ്രാര്‍ത്ഥനക്കുറവ് നമ്മുടെ വിശ്വാസക്കുറവിനെ കാണിക്കുന്നു. ദൈവവചനത്തിലുള്ള നമ്മുടെ ആശ്രയക്കുറവിനെ പ്രാര്‍ത്ഥന ഇല്ലായ്മ കാണിക്കുന്നു. നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും അധികമായി ചെയ്യുവാന്‍ കഴിവുള്ള ദൈവത്തില്‍ നാം വെച്ചിരിക്കുന്ന ആശ്രയത്തെയാണ് നമ്മുടെ പ്രാര്‍ത്ഥന വെളിപ്പെടുത്തുന്നത്.( എഫേ3:20) മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്നത് കാണുവാനുള്ള ഒരു ഉപാധികൂടിയാണ് പ്രാർത്ഥന. പ്രാര്‍ത്ഥനയാല്‍ സാധിക്കുന്ന പ്രധാന കാര്യം ദൈവീകശക്തി നമ്മില്‍കൂടെ വ്യാപരിക്കുവാന്‍ നാം അനുവദിക്കുന്നു എന്നതാണ്. അതുമൂലം നമ്മേക്കാള്‍ ശക്തികൂടുതല്‍ ഉള്ള പൈശാചിക ശക്തികളെ ജയിക്കുവാന്‍ നമുക്ക് ബലം ലഭിക്കുന്നു. അതുകൊണ്ട് തക്ക സമയത്ത് നമുക്ക് കൃപ ലഭിക്കേണ്ടതിന് കൃപാസനത്തിന്റെ അടുക്കലേക്ക് ചെല്ലാം കാരണം നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയുന്ന ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. (എബ്രാ.4:15-16). നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥനക്ക് വലിയ ശക്തി ഉണ്ട് എന്ന് ബൈബിള്‍ പറയുന്നു (യാക്കോ.5:16). നാം എപ്പോഴും പ്രാര്‍ത്ഥനയില്‍ ജാഗരിക്കുന്നവരായി നമ്മില്‍കൂടി അവന്റെ നാമം മഹത്വപ്പെടേണ്ടതിന് ആവശ്യമായ കൃപ അവന്‍ നമുക്ക് തരുമാറാകട്ടെ!
ആമ്മേൻ
Wednesday, 8 December 2021
ആരാണ് സാന്താക്ലോസ്?
നൂറ്റാണ്ടുകൾക്കു മുൻപ് തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണ് സെന്‍റ് നിക്കോളാസിന്‍റെ ജനനം. പത്തൊൻപതാം വയസ്സിൽ അദ്ദേഹം വൈദികനാവുകയും ഈജിപ്ത് ,പാലസ്തീൻ, തുടങ്ങിയ രാജ്യങ്ങൾ സന്ദര്‍ശിച്ച ശേഷം തിരിച്ചു വന്ന് പത്താറക്കടുത്ത് മീറയിലെ ബിഷപ്പായി സ്ഥാനമേറ്റു. എന്നാൽ റോമാ ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികൾക്ക നേരെ അക്രമങ്ങൾ അഴിച്ച് വിട്ട സമയമായിരുന്നു അത്. അക്രമത്തിനിരയായവരെ രക്ഷിക്കുന്നതിലായിരുന്നു നിക്കോളാസിന്‍റെ ശ്രദ്ധ. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് കാരാഗൃഹ വാസം അനുഭവിക്കേണ്ടി വന്നു. എന്നാൽ കാരാഗൃഹ മോചനം ലഭിച്ച ശേഷവും നിക്കോളാസ് തന്‍റെ സേവന പ്രവര്‍ത്തനങ്ങൾ തുടര്‍ന്നു. താൻ ആരാണെന്നറിയിക്കാതെ സമ്മാനങ്ങളും സഹായങ്ങളും എത്തിക്കാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതം മാറ്റി വെച്ച സെന്‍റ് നിക്കോളാസാണ് കൈ നിറയെ സമ്മാനങ്ങളുമായെത്തുന്ന പ്രിയപ്പെട്ട സാന്താക്ലോസായി മാറിയത്.
പഴയകാല ചിത്രങ്ങളിൽ ബിഷപ്പിന്‍റെ വസ്ത്രം ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് കാണുന്നത്. എന്നാൽ ചുവന്ന കോട്ടും വെളുത്ത കോളറും, ചുവന്ന ട്രൗസറും, കറുത്ത തുകൽ ബെൽറ്റും ബൂട്ടും ധരിച്ച് വെള്ള താടിയും മുടിയും മീശയുമുള്ള തടിച്ച രൂപമാണ് ആധുനിക സാന്താക്ലോസിന്. ഈ രൂപം നൽകിയതാകട്ടെ പൊളിറ്റിക്കൽ കാര്‍ട്ടൂണുകളുടെ പിതാവെന്ന് അറിയപ്പെടുന്ന തോമസ് നാസ്റ്റാണ്. അമേരിക്കയിൽ ആഭ്യന്തര കലാപം നടക്കുന്ന സമയത്താണ് തോമസ് നാസ്റ്റ് സാന്തക്ക് ആധുനിക രൂപം നൽകിയത്.
Monday, 6 December 2021
‘‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിപ്പിൻ’’
ബത്‌ലഹമിലെ പുൽത്തൊട്ടിയുടെ മുന്നിൽ നിൽക്കുമ്പോൾ ശീലകളാൽ പൊതിയപ്പെട്ട ആ ശിശുവിനെ മാതൃകരങ്ങളിൽ നാം ദർശിക്കുന്നു. ആ ശിശുവിനെ ദർശിക്കുമ്പോൾ ‘അവതാരം ചെയ്ത സ്നേഹത്തെ ഞാൻ കാണുന്നു’ എന്ന് ഒരു ഭക്തകവി നിർവചിച്ചു. ദൈവസ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അനാവരണം ചെയ്യുന്നതായിരുന്നു യേശുവിന്റെ ജീവിതത്തിലെ ഓരോ സംഭവവും.
അവിടുന്നു പ്രസംഗിച്ചും രോഗികളെ സുഖപ്പെടുത്തിയും ഗലീലിയിൽ സഞ്ചരിച്ചപ്പോൾ പ്രവർത്തിക്കുന്ന സ്നേഹം; ഗത്‌സമേനിൽ എത്തുമ്പോൾ വേദനപ്പെടുന്ന സ്നേഹത്തെയും കാൽവരിയിൽ എത്തുമ്പോൾ രക്തം വാർന്നു മരണം വരിക്കുന്ന സ്നേഹത്തെയുമാണു കാണുന്നത്. ‘‘സ്നേഹിതർക്കു വേണ്ടി ജീവനെ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല’’ എന്നു പ്രസ്താവിക്കുക മാത്രമല്ല, സ്വജീവിതത്തിൽ അതു തെളിയിക്കുകയും ചെയ്തു.
ക്രിസ്മസിൽ നാം ത്യാഗപൂർണമായ ദൈവസ്നേഹത്തെയാണല്ലോ കാണുന്നത്. ആ സ്നേഹമൂർത്തിയുടെ സന്ദേശം, ‘‘നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ’’. സ്നേഹത്തിനു തടസ്സമായി നിൽക്കുന്നതു സ്വാർഥതയും അധികാര പ്രമത്തതയും വിദ്വേഷവുമാണ്. ക്രിസ്മസ് ആഘോഷിക്കുമ്പോൾ സ്വയം ചോദിക്കേണ്ട ഒന്ന്, ദൈവത്തിന്റെ സ്നേഹം തന്റെ ഇടത്തിൽ നിന്നു തന്നെ ഇറക്കിക്കൊണ്ടു വന്നു’’ എന്നു പ്രാർഥനയിൽ ചൊല്ലുന്ന ആ വാക്കുകളുടെ പ്രസക്തി ഓർക്കേണ്ടതല്ലേ?. സ്നേഹത്തിന്റെ കുളിർജലം കൊണ്ട് നിറയേണ്ട നമ്മുടെ ഹൃദയങ്ങൾ വിദ്വേഷത്തിന്റെയും പകയുടെയും വികാരങ്ങൾക്കു വിട്ടുകൊടുത്തിരിക്കുകയല്ലേ?
അനുദിന ജീവിതത്തിൽ ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ സാക്ഷി
1 കൊരിന്ത്യർ 6:12 ൽ ആളുകൾക്ക് ജീവിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത നിലകളെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. “എല്ലാ കാര്യങ്ങള...
-
സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ ദുഃസ്ഥിതിക്കു പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു. ലോകത്തെപ്പറ്റിയുള്ള...
-
ഒരു ക്രിസ്തു വിശ്വാസിക്ക് പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്. പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനേക്കാള്‍ പ്രാര്ത്ഥിക്കുന്നതാണ...
-
നൂറ്റാണ്ടുകൾക്കു മുൻപ് തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണ് സെന്‍റ് നിക്കോളാസിന്‍റെ ജനനം . പത്തൊൻപതാം വയസ്സിൽ അദ്...