Monday, 6 December 2021

‘‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിപ്പിൻ’’

സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ ദുഃസ്ഥിതിക്കു പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു. ലോകത്തെപ്പറ്റിയുള്ള അവിടുത്തെ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രത്യക്ഷീകരണമാണ് മനുഷ്യാവതാരം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് അതു നൽകുന്നത്. ‘‘ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കണമെന്നു വിചാരിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസ്യരൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് കുരിശുമരണം വരെ സ്വയം താഴ്ത്തി.’’ ഈ പരിത്യാഗത്തിനു പിന്നിൽ മനുഷ്യരോടുള്ള സ്നേഹമല്ലാതെ മറ്റൊന്നുമല്ല.


ബത്‌ലഹമിലെ പുൽത്തൊട്ടിയുടെ മുന്നിൽ നിൽക്കുമ്പോൾ ശീലകളാൽ പൊതിയപ്പെട്ട ആ ശിശുവിനെ മാതൃകരങ്ങളിൽ നാം ദർശിക്കുന്നു. ആ ശിശുവിനെ ദർശിക്കുമ്പോൾ ‘അവതാരം ചെയ്ത സ്നേഹത്തെ ഞാൻ കാണുന്നു’ എന്ന് ഒരു ഭക്തകവി നിർവചിച്ചു. ദൈവസ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അനാവരണം ചെയ്യുന്നതായിരുന്നു യേശുവിന്റെ  ജീവിതത്തിലെ ഓരോ സംഭവവും. 

അവിടുന്നു പ്രസംഗിച്ചും രോഗികളെ സുഖപ്പെടുത്തിയും ഗലീലിയിൽ സഞ്ചരിച്ചപ്പോൾ പ്രവർത്തിക്കുന്ന സ്നേഹം; ഗത്‌സമേനിൽ എത്തുമ്പോൾ വേദനപ്പെടുന്ന സ്നേഹത്തെയും കാൽവരിയിൽ എത്തുമ്പോൾ രക്തം വാർന്നു മരണം വരിക്കുന്ന സ്നേഹത്തെയുമാണു കാണുന്നത്. ‘‘സ്നേഹിതർക്കു വേണ്ടി ജീവനെ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല’’ എന്നു പ്രസ്താവിക്കുക മാത്രമല്ല, സ്വജീവിതത്തിൽ അതു തെളിയിക്കുകയും ചെയ്തു.

ക്രിസ്മസിൽ നാം ത്യാഗപൂർണമായ ദൈവസ്നേഹത്തെയാണല്ലോ കാണുന്നത്. ആ സ്നേഹമൂർത്തിയുടെ സന്ദേശം, ‘‘നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ’’. സ്നേഹത്തിനു തടസ്സമായി നിൽക്കുന്നതു സ്വാർഥതയും അധികാര പ്രമത്തതയും വിദ്വേഷവുമാണ്. ക്രിസ്മസ് ആഘോഷിക്കുമ്പോൾ സ്വയം ചോദിക്കേണ്ട ഒന്ന്, ദൈവത്തിന്റെ സ്നേഹം തന്റെ ഇടത്തിൽ നിന്നു തന്നെ ഇറക്കിക്കൊണ്ടു വന്നു’’ എന്നു പ്രാർഥനയിൽ ചൊല്ലുന്ന ആ വാക്കുകളുടെ പ്രസക്തി ഓർക്കേണ്ടതല്ലേ?. സ്നേഹത്തിന്റെ കുളിർജലം കൊണ്ട് നിറയേണ്ട നമ്മുടെ ഹൃദയങ്ങൾ വിദ്വേഷത്തിന്റെയും പകയുടെയും വികാരങ്ങൾക്കു വിട്ടുകൊടുത്തിരിക്കുകയല്ലേ?

No comments:

Post a Comment

അനുദിന ജീവിതത്തിൽ ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ സാക്ഷി

1 കൊരിന്ത്യർ 6:12 ൽ ആളുകൾക്ക് ജീവിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത നിലകളെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. “എല്ലാ കാര്യങ്ങള...